വിഷ്ണുവിന് വീണ്ടും സെഞ്ച്വറി, കേരളത്തിന്‌ ജയം

ഓപ്പണർ വിഷ്ണു വിനോദ്‌ വീണ്ടും സെഞ്ച്വറി നേടി താരമായപ്പോൾ വിജയ്‌ ഹസാരെ ടൂർണമെന്റിൽ കേരളത്തിന്‌ ജയം. ആന്ധ്രയെ ആറ്‌ വിക്കറ്റിനാണ്‌ കേരളം കീഴടക്കിയത്‌.
സ്കോർ : ആന്ധ്ര – 230/6
കേരളം- 233/4 (39.4)
ആദ്യം ബാറ്റ്‌ ചെയ്ത ആന്ധ്ര ക്യാപ്റ്റൻ റിക്കി ഭുയിയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ്‌ 230 റൺസിലെത്തിയത്‌. ബേസിൽ തമ്പി, എസ്‌. മിഥുൻ എന്നിവരുടെ ബൗളിംഗ്‌ പ്രകടനം വലിയ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് ആന്ധ്രയെ തടഞ്ഞു. ഇരുവരും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ വീണ്ടും പരാജയപ്പെട്ടപ്പോൾ സഞ്ജു സാംസൺ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറി. പിന്നീട്‌ സച്ചിൻ ബേബിയുമൊത്ത്‌ രക്ഷാപ്രവർത്തനം തുടങ്ങിയ വിഷ്ണു കേരള സ്കോർ ഉയർത്തി. 46 റൺസെടുത്ത ജലജ്‌ സക്‌സേനക്കൊപ്പം 110 റൺസിന്റെ കൂട്ട്‌ കെട്ട്‌ ഉണ്ടാക്കിയതിന്‌ ശേഷമാണ്‌ വിഷ്ണു പുറത്തായത്‌. 13 ബൗണ്ടറിയും 9 സിക്‌സുമടങ്ങിയ ഇന്നിംഗ്‌സിൽ താരം 139 റൺസ്‌ കണ്ടെത്തി. പിന്നീടെത്തിയ രാഹുൽ പൊന്നനുമൊത്ത്‌ ജലജ്‌ സക്‌സേന കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!