സെഞ്ചുറിയുമായി ധവാൻ, ഓസീസിനെയും വീഴ്ത്തി ഇന്ത്യ

അന്ന് രോഹിത്ത് എങ്കിൽ ഇന്ന് ധവാൻ. തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ ചിറകിലേറി ഇന്ത്യക്ക് വിജയം. 117 റൺസെടുത്ത ധവാന്റെയും ഉജ്ജ്വലമായി ബാറ്റേന്തിയ മധ്യനിരയുടെയും പിൻബലത്തിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് 352 റൺസെടുത്തപ്പോൾ ഓസീസിന്റെ മറുപടി 316 റൺസിലൊതുങ്ങി. ടേബിൾ തലപ്പത്തുള്ള കിവികളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

പടുകൂറ്റൻ റൺമല കീഴടക്കേണ്ടതുണ്ടായിരുന്നെങ്കിലും പിച്ചൊരു ബാറ്റിംഗ് പറുദീസയായതിനാൽ ആത്മവിശ്വാസത്തോടെ തന്നെയാണ് ഓസീസ് ഇറങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിന് സമാനമായ തുടക്കം ടീമിന് ലഭിക്കുകയും ചെയ്തു. ഒന്നാന്തരമായി ലൈനും ലെങ്തും കാത്തുസൂക്ഷിച്ച ബുംറ-ഭുവനേശ്വർ ദ്വയത്തിനെതിരെ ഒരു പരീക്ഷണത്തിനും ഫിഞ്ചും വാർണറും മുതിർന്നില്ല. അഞ്ചാം ബൗളർ ഹർദിക് പാണ്ഡ്യ പന്തെറിയാനാരംഭിച്ചതോടെ മെല്ലെ ബോർഡ് ചലിപ്പിച്ചുതുടങ്ങിയ കങ്കാരുക്കൾക്ക് ആദ്യ അടിയേറ്റത് റണ്ണൗട്ടിന്റെ രൂപത്തിൽ. രണ്ടാം റണ്ണിനോടിയ നായകൻ ഫിഞ്ചാണ് പുറത്തായത്. പരിചയസമ്പന്നനായ സ്റ്റീവ് സ്മിത്തിനൊപ്പം വാർണർ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും ആവശ്യമായ റൺറേറ്റിനോട് നീതിപുലർത്താൻ ഇടംകൈയൻ വെടിക്കെട്ടുകാരനായില്ല. തപ്പിത്തടഞ്ഞ് അർദ്ധസെഞ്ചുറി പുൽകിയ താരത്തെ ചാഹൽ പുറത്താക്കിയത് ഓസീസിന് ഉർവശീശാപമായി. തുടർന്ന് സ്മിത്തും ക്വാജയും ചേർന്ന് കെടാതെ കാത്ത പ്രതീക്ഷത്തിരി മാക്സ്‌വെല്ലിന്റെ വരവോടെ ആളിക്കത്താനാരംഭിച്ചു.എന്നാൽ അനുനിമിഷം അപകടകാരിയായി മാറിക്കൊണ്ടിരുന്ന താരത്തെ തന്റെ രണ്ടാം വരവിൽ ചാഹൽ പിഴുതതോടെ കളി ഇന്ത്യയുടെ കീശയിലായി. ഒരേ ഓവറിൽ സ്മിത്തിനെയും ഓൾറൗണ്ടർ സ്റ്റോയിൻസിനെയും ഭുവനേശ്വറും വീഴ്ത്തിയതോടെ അവസാന ആശങ്കയുമകന്നു. വാലറ്റവുമായി ചേർന്ന് അവസാനഘട്ടത്തിൽ അലക്സ് കാരി നടത്തിയ വിഫലശ്രമങ്ങൾ ടീമിന്റെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനേ ഉപകരിച്ചുള്ളൂ. ഇന്ത്യക്കായി ബുമ്രയും ഭുവനേശ്വറും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ശിഖർ ധവാനും രോഹിത്‌ ശർമ്മയും മികച്ച തുടക്കമാണ്‌ നൽകിയത്‌. ആദ്യപത്തോവറുകൾ ഇരുവരും പിച്ചിന്റെ സ്വഭാവം മനസിലാക്കാനുപയോഗിച്ചതോടെ റണ്ണത്ര പിറന്നില്ലെങ്കിലും പതിയെ സ്കോറിങ്ങ് വേഗമാർജ്ജിച്ചു. രോഹിത്‌ നങ്കൂരമിട്ട്‌ കളിച്ചപ്പോൾ ധവാനൽപ്പം ആക്രമണോൽസുകത വെച്ചുപുലർത്തി. ഒന്നാം വിക്കറ്റിൽ 127 റൺസിന്റെ കൂട്ടുകെട്ട്‌ ഇരുവരും ചേർന്ന് പടുത്തുയർത്തി. ഇന്നിംഗ്‌സിനിടെ പരിക്കേറ്റിട്ടും പതറാതെ കളിച്ച ധവാൻ സെഞ്ച്വറി കണ്ടെത്തിയ ശേഷമാണ്‌ കളം വിട്ടത്‌.109 പന്തിൽ നിന്ന് 117 റൺസ്‌ നേടിയ താരത്തെ സ്റ്റാർക്‌ പുറത്താക്കുകയായിരുന്നു. പരിക്കേറ്റ താരം പിന്നീട്‌ ഫീൽഡിംഗിനെത്തിയില്ല. അർധ സെഞ്ച്വറി നേടിയ രോഹിതിന്‌ ശേഷമെത്തിയ കോഹ്‌ലിയും ഗ്യാപ്പുകളിലൂടെ റൺസുകൾ നേടാൻ തുടങ്ങി. തകർത്തടിക്കാനായി പ്രൊമോഷൻ നേടിയെത്തിയ ഹാർദിക്‌ പാണ്ഡ്യ തന്റെ റോൾ ഭംഗിയാക്കി. 27 പന്തുകളിൽ നിന്ന് മൂന്ന് സിക്സറടക്കം 48 റൺസ്‌ നേടാൻ താരത്തിനായി. കോഹ്‌ലിയോടൊപ്പം ചേർന്ന് പിന്നീടെത്തിയ ധോണിയും ആഞ്ഞടിച്ചതോടെ സ്കോർ അതിവേഗമുയർന്നു. കോഹ്‌ലി 77 പന്തിൽ നിന്ന് 82 റൺസാണ്‌ നേടിയത്‌. മൂന്ന് പന്ത്‌ നേരിട്ട രാഹുൽ 11 റൺസ്‌ കൂടി കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ 352ലെത്തി. ഓസീസിനായി സ്റ്റോയിൻസ്‌ 2 വിക്കറ്റ്‌ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!